ഷൊർണൂർ: കുടിവെള്ളം പാഴാക്കാൻ വയ്യ. വാർഡ് കൗൺസിലർ തന്നെ പ്ലംബറായി. ഷൊർണൂർ നഗരസഭാ പരിധിയിലെ മുണ്ടായയിലാണ് ഈ വേറിട്ട കാഴ്ച. പ്രദേശത്തെ പൈപ്പ്ലൈൻ പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു.
ഇതു കണ്ടുനിൽക്കാനാവാതെ വന്നപ്പോഴാണ് മുണ്ടായ ഇരുപത്തിനാലാം വാർഡ് കൗൺസിലർ നാരായണൻതന്നെ അവസാനം പ്ലംബറുടെ ജോലി ഏറ്റെടുടുത്തത്. ദിവസങ്ങളായി മുണ്ടായയിൽ വാട്ടർ അഥോററ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുകയാണ്.
ഷൊർണ്ണൂർ വാട്ടർ അഥോറിറ്റിയിലാകട്ടെ ആകെ 35 വാർഡുകളിൽ അറ്റകുറ്റപ്പണി നടത്താനുള്ളത് ഒരേയൊരു കരാറുകാരൻ മാത്രമാണ്. വെള്ളം പൊട്ടിയൊഴുകുന്നതിന്റെ വ്യാപ്തി നോക്കിയാണ് അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനു മുൻഗണനാനിർദ്ദേശം അധികൃതർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്.
ഈ നിലയ്ക്ക് അടുത്തകാലത്തൊന്നും പൊട്ടിയ പൈപ്പ് ലൈൻ കേടുപാടുകൾ തീർക്കാൻ ആരും എത്തില്ലെന്നു കൗൺസിലർ നാരായണൻ തിരിച്ചറിഞ്ഞു. പിന്നീട് ഒന്നും നോക്കിയില്ല.
പണിയായുധങ്ങളുമായി വെള്ളം പൊന്തിവരുന്ന ഭാഗത്ത് കുഴിയെടുക്കാൻ തുടങ്ങി. ഇതുകണ്ട് പരിസരവാസികളിൽ ചിലരും കൂടെച്ചേർന്നു.
കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊട്ടിയ ഭാഗത്തെ കേടുപാടുകൾ തീർത്തു മടങ്ങി.